മുഹമ്മ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മുഹമ്മ പഞ്ചായത്തിലെ കുബ്ലിക്കാട് മേഖലയിൽ നടത്തുന്ന മണൽ ഖനനത്തിനെതിരേ ജനരോഷം ശക്തമാകുന്നു. ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പാതിരാമണൽ ദ്വീപിന് കനത്ത ഭീഷണി ഉയർത്തുന്ന ഖനനം ഉടൻ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഖനനം തുടർന്നാൽ കോടികൾ മുടക്കി കഴിഞ്ഞിടെ നിർമാണം പൂർത്തിയാക്കിയ തുരുത്തൻ കവല-കൂബ്ലിക്കാട് ജെട്ടി റോഡുൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ താറുമാറാകും. മത്സ്യ -കക്കാ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലാകും. പാതിരാമണൽ ദ്വീപിലെത്തുന്ന ടൂറിസ്റ്റുകളുടെ ഗ്രാമ കാഴ്ചകളിലേക്കുള്ള വാതായനങ്ങൾ അടയുന്ന സ്ഥിതിയുണ്ടാകും.
മണൽഖനനം അടിയന്തരമായി നിർത്തണമെന്നാവിശ്വപ്പെട്ട് സിപിഎം മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. തുരുത്തൻ കവലയിൽ നിന്ന് കൂബ്ലിക്കാട് മേഖലയിലേക്ക് നടത്തിയ മാർച്ചിൽ നൂറു കണക്കിനാളുകൾ അണിചേർന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ഡി. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി. ഷാജി, കെ.ഡി. അനിൽകുമാർ, സ്വപ്ന ഷാബു, പഞ്ചായത്തംഗം ബാബു തുടങ്ങിയവർ പ്രസംഗിച്ചു.